മഹാക്ഷേത്രങ്ങളുടെ ചരിത്രങ്ങൾ ഏറിയപങ്കും അറിയുന്നത് ഐതീഹ്യങ്ങളിലൂടെയാണ്. ഐതീഹ്യപർവ്വതത്തിന്റെ മൂർദ്ധാവിൽ സൂര്യശോഭയായി നിന്നിരുന്ന തിരുവിതാംകൂറിലെ പ്രകൃതിരമണീയമായ ഗ്രാമമാണ് മാരായമുട്ടം. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള വില്ലേജിൽ ഉൾപ്പെട്ട ഈ പ്രദേശം ഒട്ടനവധി ചരിത്രകഥകളുടെ വിള ഭൂമിയാണ്. ഉപജാപകവൃന്ദത്തിന്റെ നിരന്തരമായ ആക്രമണങ്ങളെ അതിജീവിക്കിക്കുന്നതിനായി അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ദേശങ്ങൾ തോറും സഞ്ചരിക്കുന്ന കാലത്ത് ഈ പ്രദേശത്ത് എത്തിച്ചേർന്നു എന്നും, അന്ന് ഘോരവനമായിരുന്ന ഇവിടെ വച്ച് അദ്ദേഹത്തിന് വഴിമുട്ടിപ്പോയി എന്നും മഹാരാജാവിന് വഴിമുട്ടിപ്പോയ സ്ഥലം - മഹാരാജമുട്ടവും", കാലാന്തരത്തിൽ ലോപിച്ച് 'മാരായമുട്ടവും' ആയിത്തീർന്നു എന്ന് പഴമക്കാർ പറയുന്നു ഇത്തരത്തിൽ ഇന്ന് മാരായമുട്ടം എന്ന് പ്രസിദ്ധമായ പ്രദേശത്ത് നൂറ്റാണ്ടുകൾക്ക് മുൻപ് ഉദയം ചെയ്ത് സർവ്വചരാചരങ്ങൾക്കും അമ്മയായി മാതൃവാത്സല്യം ചൊരിഞ്ഞുകൊണ്ട്, അത്യപൂർവമായ വൃക്ഷലതാദികളാൽ നിബിഢമായതും, കേന്ദ്രസർക്കാരിന്റെ ഊർജ്ജിത ജൈവവൈവിധ്യ മേഖലയിലും, ദിശാസൂചികയിലും ഉൾപെട്ടതും, കേരള വനം വകുപ്പിന്റെ പ്രത്യേക പരിഗണന ലഭിച്ചിട്ടുള്ളതുമായ തൃക്കാവിനുള്ളിൽ സ്ഥിതിചെയ്യുന്ന 'മാരായമുട്ടം ശ്രീ നീലകേശി ക്ഷേത്രത്തിൽ' വാണരുളുന്ന അനുപമ ചൈതന്യമാണ് "മാരായമുട്ടത്തമ്മ".
വലിയ കാവ് ആയതിനാൽ തന്നെ എല്ലാ മാസവും ആയില്യനാളിലെ ആയില്യപൂജയ്ക്കു ക്ഷേത്രത്തിൽ വലിയ പ്രാധാന്യം ഉണ്ട്
ക്ഷേത്ര ഉൽപ്പത്തിക്കാലം മുതൽ നടന്നുവരുന്ന പൗർണ്ണമിപൂജയിൽ നാൾക്കുനാൾ ഭക്തജന പങ്കാളിത്തം ഏറിവരുന്നു
മാരായമുട്ടത്തമ്മയെ വ്യത്യസ്ത അലങ്കാരങ്ങളോടെ അണിയിച്ചൊരുക്കി പൂജകൾ നടത്തുന്നു
എല്ലാ വർഷവും കുംഭമാസത്തിലാണ് തിരുഉത്സവം നടത്തിവരുന്നത്. പത്ത് ദിവസങ്ങളിലായി നടത്തപ്പെടുന്ന ഉത്സവത്തിന്റെ ഒൻപതാം ഉത്സവനാൾ കുത്തിയോട്ടം, താലപ്പൊലി, ഉരുൾനേർച്ച എന്നിവയും പത്താം നാൾ ഗുരുസിയും നടത്തിവരുന്നു. ഈ ഉത്സവ നാളുകളിൽ ഇറക്കിപൂജ, പീഠപൂജ എന്നിവയും നടത്തപ്പെടുന്നു. ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഉത്സവം ആറ് വർഷത്തിൽ ഒരിക്കൽ നടത്തിവരുന്ന പറണേറ്റ് മഹോത്സവമാണ്.
Read More